തിരുവനന്തപുരം: കേരളത്തിൽനിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ‘നോർക്ക ട്രിപ്പിൾ വിൻ കേരള’യുടെ ഭാഗമായി ആറു പേർക്കുകൂടി എംപ്ലോയ്മെന്റ് കോൺട്രാക്ട് കൈമാറി. നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം ബാച്ചിലെ ശിൽപ വൈലോങ്കര, ഏയ്ഞ്ചൽ റോസ്, ജ്യോത്സ്ന ബിനു, അനിറ്റ് ജിജി, ഐശ്വര്യ മുരളീധരൻ, റെക്സി വർഗീസ് എന്നിവർക്കാണ് കോൺട്രാക്ട് കൈമാറിയത്.
രണ്ടു പേർക്ക് ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും മറ്റുളളവർക്ക് ലാൻഡ്ഷൂട്ടിലെ എൽ.എ. റീജിയോ ക്ലിനിക്കിലുമാണ് നിയമനം. നടപടിക്രമം പൂർത്തിയാക്കി ഇവർക്ക് ഒക്ടോബർ-നവംബർ മാസങ്ങളിൽ ജർമനിയിലെത്താനാകും.
തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാർ, ഉദ്യോഗാർഥികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക ട്രിപ്പിൾ വിൻ കേരള.